.

.
.

Wednesday, 17 May 2017

മൂന്നാർ സ്മരണകൾ.!



വിവാദങ്ങളെല്ലാം കെട്ടടങ്ങി.
മാധ്യമശ്രദ്ധ മണിയില്‍ നിന്ന് സെന്‍കുമാറിലേക്കും കര്‍ണനില്‍ നിന്ന്  ഗവര്‍ണറിലേക്കും മാറി. മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെല്ലാം കാരണക്കാരനായ  കുറ്റവാളിയെ കണ്ടെത്തി മുഖ്യമന്ത്രി ശിക്ഷയും വിധിച്ചു.  കയ്യേറ്റങ്ങള്‍ക്കെല്ലാം കാരണം ജെസിബിയാത്രെ! ഇനി ഒറ്റയൊരെണ്ണം പോലും മൂന്നാറില്‍ കേറിപ്പോകരുതെന്നാണ് മുഖ്യന്റെ ഉത്തരവ്. ജെസിബികള്‍ക്കു നാക്കുണ്ടായിരുന്നെങ്കെില്‍ ഈ വംശീയ നടപടിയില്‍ 2 വട്ടം ഈഖിലാബ് വിളിച്ചേനെ.
താരപരിവേഷം നല്‍കി കൊണ്ട് നടന്നിരുന്ന സബ്കളക്ടറെ ജനം  മറന്നു കളയുകയും ചെയ്തു. അവര്‍ക്കു കണ്ടു ചിരിക്കാന്‍ രാഷ്ട്രീയക്കാര്‍ പുതിയ കോമഡികള്‍  ധാരാളം നല്‍കുന്നതിനാല്‍ പഴയ ഹീറോസിലൊന്നും  അവര്‍ക്കു താതപര്യവുമില്ല. ഭരണം കയ്യാളുന്ന  പാര്‍ട്ടിയുടെ ഘടാഘടിയന്മാരായ നേതാക്കളെയും നാട്ടു ഭാഷക്കാരെയും വകവെക്കാതെ നിയമം നടപ്പാക്കാനിറങ്ങിയ യുവതുര്‍ക്കിയുടെ അവസ്ഥയെന്താകുമെന്ന് തമ്പുരാനറിയാം. കളക്ടര്‍ ബ്രോ  പൊടിപിടിക്കുന്നതു പോലെ ആര്‍ക്കും വേണ്ടാത്ത ഏതെങ്കിലും അണ്ടിക്കമ്പിനിയുടെയോ സോപ്പ്കമ്പനിയുടെയോ തലപ്പത്തു ഈച്ചയാട്ടി  ഇരിക്കേണ്ടിവരും. രാഷ്ട്രീയക്കാരന്റെ മുഖത്തിന് നേര്‍ക്ക് നെഞ്ച് വിരിച്ചു നിന്നവരുടെയൊക്കെ ഗതി ഏറെക്കുറെ അത് തന്നയൊയിരുന്നു.


ആരാധനാലയങ്ങള്‍ അടിച്ചു തകര്‍ത്തു കപ്പ നേടണമെന്നും , ഒന്ന് നശിച്ചാല്‍  അത്രയും അന്ധവിശ്വാസം നശിക്കുമെന്നും  പ്രസംഗിച്ച കറതീര്‍ന്ന കമ്മ്യൂണിസ്റ്റുകളുടെ  വിപ്ലവത്തറവാട്ടിലെ പുതിയ കാരണവര്‍ക്ക് കുരിശ് വിശ്വാസബിംബമായി മാറി!
ചുങ്കക്കാരെയും പിടിച്ചുപറിക്കാരെയും കയ്യേറ്റക്കാരെയും ജറുസലേം ദേവാലയത്തില്‍ നിന്നും  അടിച്ചു പുറത്താക്കിയ യേശുദേവന്റെ പേരില്‍ കയ്യേറ്റഭൂമിയില്‍ സ്ഥാപിച്ച കുരിശ്, വിശ്വാസത്തിന്റെ പ്രതീകമായി കാണാനാവില്ലെന്ന് മതമേലധ്യക്ഷന്മാര്‍ തന്നെ പറഞ്ഞിടത്താണ് കേരളമുഖ്യന്റെ കുരിശ് സ്‌നേഹമെന്ന്  കാണേണ്ടതാണ്. അതിന്റെ കാര്യകാരണങ്ങള്‍ നീട്ടിപ്പറഞ്ഞ് ചളമാക്കാന്‍ ഞാനില്ല.

അതിനൊക്കെ മണിയാശാന്‍ തന്നെ വരേണ്ടി വരും. മലയാള നാട്ടുഭാഷാ വിദഗ്ധനായ അദ്ദേഹത്തിന് വിശദീകരിക്കാന്‍ കഴിയുന്നത് പോലെ കമ്മ്യൂണിസ്റ്റുകളുടെ കുരിശ് സ്‌നേഹത്തെക്കുറിച്ച് പറയാന്‍ മറ്റാര്‍ക്കും കഴിയില്ല. ഹൈറേഞ്ച് മേഘലയില്‍ വീശുന്ന പ്രത്യേകതരം കാറ്റില്‍ മണ്ണും മലയുമൊന്നും കാണാന്‍ കഴിയില്ലെന്നും  അദ്ദേഹം നല്ല നാട്ടുഭാഷയില്‍ പറഞ്ഞുതരും. വോട്ടു തന്നെ നോട്ടം. തൊട്ടാൽ പൊട്ടുന്നത്കാലങ്ങളായി കൊണ്ടും കൊടുത്തും '123' പറഞ്ഞും നേടിയെടുത്ത നസ്രാണി വോട്ട് ബാങ്കാവും. അതില്‍കേറി മറ്റേപണിക്ക് ചെന്നാൽ  പിന്നെ അതിയാന് ദേഷ്യം വരാണ്ടിരിക്കുവോ? അപ്പോഴാണ് പൊട്ടന്‍, പോഴന്‍, ഭ്രാന്തന്‍, മറ്റവന്‍ തുടങ്ങിയ സുന്ദരമലയാള ഗ്രാമ്യ ഭാഷാ പദങ്ങള്‍ അനര്‍ഗളം അങ്ങട്ട്  പ്രവഹിക്കുക.

അതോണ്ട് മിസ്റ്റര്‍ ശ്രീറാം വെങ്കിട്ടരാമന്‍,
ഇത് കേരളമാണ്, ഇവിടുത്തെ മലകളും കുന്നുകളുമെല്ലാം ഞങ്ങള്‍ കയ്യേറും
ആ മലകളില്‍ ഞങ്ങള്‍ക്ക് ശുദ്ധവായു നല്‍കുന്ന മരങ്ങളെല്ലാം വെട്ടി നിരത്തും.
അത് കഴിഞ്ഞാൽ  മലകളും കുന്നുകളും ഇടിച്ചു നിരത്തും.
ഇടിച്ചു നിരത്തിയ മണ്ണ് കൊണ്ടിട്ട് നെല്‍ വയലുകളെല്ലാം മൂടും
എിന്നിട്ട്  അതിര്‍ത്തി കടന്നു വരുന്ന  വിഷ വിളകളെക്കുറിച്ചു  ഫേസ്ബുക്കില്‍ ആശങ്ക പങ്കുവക്കും.
ഞങ്ങള്‍ മാറാന്‍ തയ്യാറല്ല.
ഞങ്ങള്‍ക്ക് വലുത് ഞങ്ങടെ നേതാക്കന്മാരുടെ തിണ്ണമിടുക്കാണ്.
നാല് പൈസയ്ക്ക് വിവരമില്ലാത്തവരെ മന്ത്രിമാരെന്നും  പറഞ്ഞു വാഴിക്കാനാണ് ഞങ്ങള്‍ക്ക് ഇഷ്ടം.
അവിടിനി നിങ്ങള്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റാണെന്നോ കയ്യേറ്റ ഭൂമികള്‍ ഒഴിപ്പിക്കേണ്ടതാണെന്നോ കയ്യേറ്റം പ്രകൃതിയെ നശിപ്പിക്കുമെന്നോ എന്നൊന്നും  പറഞ്ഞിട്ടൊരു കാര്യവുമില്ല ബ്രോ!
ഞങ്ങള്‍ മാറാന്‍ തയ്യാറല്ല, സംഭവം സിമ്പിള്‍ ആണ്.
അതോണ്ട് സര്‍ക്കാര്‍ ശമ്പളവും പറ്റി, എസി റൂമില്‍ കിട്ടണ സൗകര്യങ്ങളും അനുഭവിച്ച് കാലാകാലം വെര്‍തെ ഇരിക്കുക.
ഇതിനു മുന്‍പേ ഐ.എ.എസും പഠിച്ചിറങ്ങി കസേരകളില്‍ കുത്തിരിക്കണ മാന്യദേഹങ്ങളെ കണ്ടിട്ടില്ലേ.
ഇവിടെ അത്രേയൊക്കെ മതി
വീണ്ടും പറയുന്നു ഞങ്ങള്‍ മാറാന്‍ തയ്യാറല്ല........!



No comments:

Post a Comment