.

.
.

Saturday, 28 January 2017

കമ്മട്ടിപ്പാടം


“പുഴു പുലികള്‍ പക്കി പരുന്തുകള്‍ കടലാനകള്‍ കാട്ടുരുവുങ്ങള്‍ പല കാല പര ദൈവങ്ങള്‍,
പുലയാടികള്‍ നമ്മളുമൊപ്പം, നരകിച്ചു പൊറുക്കുന്നിവിടം ഭൂലോകം തിരുമകനെ, 
കലഹിച്ചു മരിക്കുന്നിവിടം ഇഹലോകം എന്‍ മകനേ”


കലഹം! അത് തന്നെയാണ് കമ്മട്ടിപ്പാടം.
പ്രകൃതിയോട് കലഹിച്ചു ജയിച്ച കറുത്ത മനുഷ്യരുടെ പിന്‍ഗാമികള്‍ വെളുത്തവന് വേണ്ടി തമ്മില്‍ കലഹിച്ചു. ഒടുവില്‍ പൂര്‍വ്വിക പരമ്പരകള്‍ സ്വരുക്കൂട്ടിയ മണ്ണ് റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക്‌ വിട്ടു കൊടുത്തിട്ട് നഗരത്തിന്‍റെ മറവികളിലേക്ക് ചിതറിപ്പോയ സാധാരണക്കാരായ ഒരു കൂട്ടം
മനുഷ്യരും അവരുടെ പ്രതിരോധവും ചെറുത്തു നിൽപ്പും നിസ്സഹായതയും പ്രതികാരവും ഒക്കെ ഇടകലർന്ന ചിത്രമാണ് കമ്മട്ടിപ്പാടം . ശരീരത്തിൽ മുറിവേറ്റു തന്റെ ചിതറിയ ഓർമ്മകളെ ചേർത്തുനിർത്താൻ ശ്രമിക്കുന്ന നാല്പത്തിമൂന്നുകാരനായ കൃഷ്ണനിൽ (ദുൽഖർ സൽമാൻ ) നിന്നുമാണ് ചിത്രം തുടങ്ങുന്നത്. സുഹൃത്തായ ഗംഗന്റെ (വിനായകൻ) വർഷങ്ങൾക് ശേഷമെത്തിയ ഫോൺ കാൾ ,കൃഷ്ണനെ അദ്ദേഹത്തിന്റെനാട്ടിലേക്കെത്തിക്കുന്നു. അയാളുടെ കുട്ടിക്കാലത്തു അച്ഛനും അമ്മയ്ക്കുമൊപ്പം സ്ഥലം മാറി താമസിക്കാൻ എത്തിയ ഇടമാണ് കമ്മട്ടിപ്പാടം.പാടവും തോടും വീടുമൊക്കെ ഉണ്ടായിരുന്ന ഇടം.
നാളുകൾക്കിപ്പുറം,വോട്ടവകാശമോ തിരിച്ചറിയൽ രേഖകളോ പോലുമില്ലാതെ പുറമ്പോക്ക് കിടപ്പാടമാക്കി ജീവിക്കുന്ന കമ്മട്ടിപ്പാടത്തുകാർ നഗരവളർച്ചയിൽ പുറന്തള്ളപ്പെടുകയാണ്. കൃഷ്ണൻ വന്നിറങ്ങുന്ന കൊച്ചി അയാൾക് അപരിചിതമാണ്. 'കൂര തകർന്നു കുടിയിറക്കപ്പെട്ടവന്റെ വിയർപ്പും ചോരയുമുള്ള ചതുപ്പിലാണ് ഈ നഗരം ആകാശത്തോളം ഉയർന്നതെന്നു അയാൾ ഒടുവിൽ പറയുന്നുണ്ട്.
കൃഷ്ണനെ ആഖ്യാതാവാക്കി അയാളുടെ ചിതറിയ ഓർമ്മകളിലൂടെയാണ് കമ്മട്ടിപ്പാടത്തിന്‍റെ കഥ പറച്ചിൽ.

ഓരോ കഥാപാത്രങ്ങളെയും സൂക്ഷ്മതയോടെ പിന്തുടർന്ന് അവരുടെ വളർച്ചയും അവരുടെ ചുറ്റുപാടിലെ മാറ്റവും ചിത്രം പറയുന്നു.

No comments:

Post a Comment