.

.
.

Sunday, 5 February 2017

അയ്യന്‍റെ മുന്‍പില്‍ അമ്മയേ തടയണോ ?


(ഇതെഴുതുമ്പോള്‍ പോലും ഈ വിഷയത്തിലുള്ള കണ്ഫ്യൂഷന് മാറിയിട്ടില്ല അത് കൊണ്ട് തന്നെ വൈരുദ്ധ്യങ്ങള്‍ കാണാം. ചിന്തകള്‍ തെളിയുന്നതിനനുസരിച്ചു മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വരാം )


ചോദ്യം ചെയ്യുവാനും വിമര്‍ശിക്കുവാനും വിയോജിക്കുവാനുമുള്ള അവകാശവും സ്വാതന്ത്ര്യവും നല്‍കുന്ന ചിന്താധാരയാണ് ഹിന്ദുയിസം എന്ന് വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെയാണ് പ്രാണഭയമില്ലാതെ ചോദിക്കാനാകുന്നതും.!

എന്തിന് നമ്മുടെ സഹോദരിമാരെ ശബരിമലയില്‍ നിന്നും വിലക്കണം.?

അതൊരു വിലക്കല്ല.. മറിച്ച് ഒരുതരം പൊതുധാരണയാണ് എന്ന് ചിന്തിക്കുവാനാണ് എനിക്കിഷ്ടം.! (അമ്മയ്ക്ക് ആറ്റുകാലും അച്ഛന് ശബരിമലയെന്നുമുള്ള ഒരു ബാലന്‍സിംഗ്)


എങ്കിലും വിമര്‍ശനബുദ്ധ്യാ വിലയിരുത്തുവാനുള്ള ഒരു ചെറിയ ശ്രമം,അല്ലെങ്കി മനപ്പൂര്‍വം കുറ്റം പറയാനുള്ള ശ്രമം.


അല്പം ഇന്‍റലക്ച്ചുല്‍ ജാഡ തന്നെ.


ശബരിമലയില്‍ അതിന്‍റെ ചരിത്ര പശ്ചാത്തലവുമായി ബന്ധപ്പെട്ട് രൂപപെട്ടതും ആചരിക്കപ്പെട്ടതുമായ അലിഖിത നിയമമാണ് യുവതികള്‍ക്ക്‌ പ്രവേശനം ഇല്ലാ എന്നുള്ളത്.(ചില വൈരുദ്ധ്യങ്ങളും കേള്‍ക്കുന്നുണ്ട്- ഇടയ്ക്ക് കേറിയിരുന്നു എന്നൊക്കെ) യാതൊരു പരാതികള്‍ക്കും ഇടവരുത്താതെ കാലങ്ങളായി അതനുവര്‍ത്തിച്ചു പോന്നു. ബാലികമാരായിരിക്കുമ്പോള്‍ ക്ഷേത്രദര്‍ശനം നടത്തിയും അതിന് ശേഷം യുവത്വം മാറിയതിനു ശേഷം ദര്‍ശനം നടത്തിയും നമ്മുടെ അമ്മമാരും സഹോദരിമാരും മുന്നോട്ടു പോയി. ഏതെങ്കിലും തരത്തിലൊരു അനീതിയെന്നോ വേര്‍തിരിവെന്നോ ആരും ചിന്തിച്ചില്ല. അയ്യപ്പന്‍ മാളികപ്പുറത്തന്മയ്ക്ക് കൊടുത്ത വാക്കൊന്നുണ്ട്. ആ അമ്മച്ചിയാണെങ്കി കണ്ണിലെണ്ണയുമൊഴിച്ച് കാത്തിരിപ്പാണ് പുതിയ ചെക്കന്മാര് വരാത്ത നാളും നോക്കി. അപ്പൊ ഇനി നമ്മളാ വഴിക്ക് പോയി വെര്‍തെ മാളികപ്പുറത്തിന് ഒരു വിഷമം തോന്നിക്കണ്ടാ എന്നൊരു ചിന്തയും വന്നു കാണും നമ്മുടെ സ്ത്രീ ജനങ്ങള്‍ക്ക്‌! അവരങ്ങനെ മക്കളെയും ഭര്‍ത്താക്കന്മാരെയുമൊക്കെ മലക്ക് വിട്ടും അയ്യനെ മറ്റു ക്ഷേത്രങ്ങളില്‍ പോയി കണ്ടുമൊക്കെ അങ്ങനെ ജീവിച്ചു പോരുവായിരുന്നു.


പെട്ടെന്നതാ  O.P. ഒളശ്ശ ചാടി വീണു ബോംബെറിഞ്ഞത് പോലെ Young Lawyers Association എന്നൊരു ടീം ചാടി വീഴുന്നു,പരാതി കൊടുക്കുന്നു,കൂടെ വെട്ടം കണ്ട ഈയാമ്പാറ്റകള്‍ടെ കൂട്ട് കൊറേ ഫെമിനിച്ചികള്‍,ചര്‍ച്ച,പ്രതിഷേധം,തേങ്ങാക്കൊല...!


അപ്പോഴും മ്മടെ നാട്ടിലെ സ്ത്രീകള്‍ക്കു മനസ്സിലായില്ല , ഇപ്പൊ ശബരിമലയില്‍ കേറിയില്ലെങ്കി അഖില ലോക മഹിളകളുടെ മുഴുവന്‍ സ്വാതന്ത്ര്യവും പംമ്പയിലൊഴുകിപ്പോകുമെന്നു!


അബദ്ധത്തില്‍ ഏതോ ഒരു അമ്മ *ലെ ഫെമിനിച്ചിയോടു ചോയിച്ചു.


"അല്ല മോളെ,  യ്യ്  അമ്പലത്തിലൊക്കെ പോകുവോ? യ്യ്  നിരീശ്വരവാദിയല്ലേ...?"

ഭും !!
പിന്നെയൊന്നും ആ അമ്മയ്ക്ക് ഓര്‍മ്മയില്ല.ലോകത്ത് നടക്കുന്ന മുഴുവന്‍ സ്ത്രീവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും കാരണം ആ അമ്മയാത്രേ... ഫെമിനിച്ചി തിന്നില്ലന്നേയുള്ളൂ.


വീണ്ടും നമ്മുടെ സ്ത്രീകള്‍ക്ക് മനസ്സിലായില്ല ഈശ്വര വിശ്വാസമില്ലാതവര്‍ക്ക് അമ്പലത്തിലെന്തു കാര്യമെന്ന്.!
നേരത്തെ പറഞ്ഞത് പോലെ അല്‍പ്പം ഇന്‍റലക്ച്ചല്‍ ജാടയുള്ളത് കൊണ്ട് അമ്മയുടെ അടുത്ത് പറഞ്ഞു :


"അമ്മേ നിങ്ങളൊക്കെ ശബരിമലയില്‍ കേറണം !സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കാളിയാവണം !" 
മറുപടി കട്ട  അണ്‍പാര്‍ലമെന്‍ററി ആയിരുന്നു.

ഓഹ്! ഓര്‍ക്കാനേ വയ്യ. :(

ലെഫ്റ്റ് ലിബറല്‍ ആയ അനിയത്തീടെ അടുത്ത് പറഞ്ഞു -

കണ്ണ് ചുവക്കണ് പല്ല് കടിക്കണ്..

സീന്‍ കോണ്ട്രായാവാതെ ഞാന്‍ എസ്കേപ്...


കാമുകിയുടെ അടുക്കല്‍ പറഞ്ഞപ്പോളുണ്ടായത് പുറത്ത് പറയാനും പറ്റില്ല -


ഛെ!! പുരോഗമന ചിന്തയില്ലാത്ത വര്‍ഗ്ഗങ്ങള്‍.


അപോഴാണ് സലിംകുമാര്‍ പറഞ്ഞത് പോലെ ഞാന്‍ ചിന്തിച്ചത് :

"എന്‍റെ ഭാഗത്തും തെറ്റുണ്ട്..ടെക്നിക്കലി അവര്‍ക്കൊക്കെ ആരാണ് അയ്യപ്പന്‍ എന്ന് ഞാന്‍ ചിന്തിച്ചില്ല."

മലമുകളിലിരിക്കുന്ന വെറുമൊരു ലോഹ പ്രതിമയല്ല അവര്‍ക്കയ്യപ്പന്‍ !


അമ്മയുടെ രോഗത്തിന് പുലിപ്പാല് തേടിപ്പോയ  മണികണ്ഠൻ, അവരുടെ മനസ്സിലെ പുത്രസങ്കല്‍പ്പമാകുന്നു!


മഹിഷിയെ കൊന്ന അയ്യപ്പന്‍, നാടിനെ കാക്കുന്ന കാവല്‍ക്കാരനാകുന്നു !


അവതാരലക്‌ഷ്യം പൂര്‍ത്തീകരിച്ച ഹരിഹരസുതന്‍,
അവര്‍ ആരാധിക്കുന്ന ദൈവവുമാകുന്നു!


അത്തരത്തില്‍ അവരുടെ പുത്രനും,സംരക്ഷകനും,ദൈവവുമൊക്കെയായ അയ്യപ്പന്‍റെ ബ്രഹ്മചര്യം അല്ലെങ്കില്‍ അതിന്‍റെ കടുത്ത നിഷ്ടകളിലൊന്നിനു ഭംഗം വരുത്തുവാന്‍ തയ്യാറാകാതെ അത് പാലിക്കാന്‍ ആവര്‍ തയ്യാറാകുന്നു. വ്രതം നോക്കുന്ന തങ്ങളുടെ പുരുഷന്മാരുടെയും,മക്കളുടെയും ബ്രഹ്മചര്യ നിഷ്ടകള്‍ പാലിക്കുന്ന അതെ വികാരത്തോടെ...!


കാത്തിരിക്കാന്‍ തയ്യാറാണെന്നുള്ള കാമ്പൈന്‍



✸✸✸✸✸✸✸✸ ഇനിയെന്‍റെ വട്ടന്‍ ചോദ്യങ്ങള്‍..✸✸✸✸✸✸✸✸


ശബരിമലയിലെ വിഷയങ്ങളിലൊന്നു രേതസ്സ് (ആര്‍ത്തവ രക്തം) ആണെന്ന് പറയുന്നു. പക്ഷേ സ്ത്രീകള്‍ രജസ്വലകളാകുന്ന പ്രക്രിയയെ വളരെ ഉദാത്തമായാണ് ധർമശാസ്ത്രങ്ങൾ നോക്കിക്കാണുന്നത്. സ്ത്രീകള്‍ മൂലത്ര പവിത്രകളാണ് എന്തെന്നാല്‍


"സ്ത്രിയഃ പവിത്രമതുലം
നൈതാ ദുഷ്യന്തി കർഹിചിത്
മാസി മാസി രജോ യാസാം
ദുഷ്കൃതാന്യപകർഷതി."


ഓരോ മാസവും രജസ്വലകളാകുന്നതുകൊണ്ട് എല്ലാ ദുഷ്കൃതങ്ങളെയും നീക്കി, പവിത്രകളായി മാറുന്ന അവര്‍ ഒരിക്കലും ദോഷയുക്തകളാകുന്നില്ല എന്നാണ് ഈ സ്മൃത്യംശത്തിന്‍റെ സാരം.
എങ്കില്‍ എന്ത് കൊണ്ട് പവിത്രകളായി മാറുന്ന സമയത്ത് അവര്‍ക്ക് ശബരീശ ദര്‍ശനം നടത്തിക്കൂടാ? ചുടല ഭസ്മം പൂശുന്ന ശിവനും കുരുതി രക്തം കുടിക്കുന്ന കാളിയും നമ്മുടെ ദൈവങ്ങളാണ്.
ഇരുവരും കപാലം ധരിക്കുന്നവരും.രക്തവും ശവവും ശിവനെയും കാളിയെയും അശുദ്ധമാക്കുന്നില്ലായെങ്കില്‍ കാനന വാസന് മാത്രം എന്തേ പ്രത്യേകത.? അയ്യനെയും കാളിയെയും താരതമ്യം ചെയ്യുകയല്ല സങ്കല്‍പ്പ പ്രമാണങ്ങള്‍ക്കപ്പുറമുള്ള ഈശ്വര ഭാവത്തെയാണ് സൂചിപ്പിക്കുന്നത്. ദൈവത്തെ ഇങ്ങനെയാരാധിക്കണം അങ്ങനെയാരാധിക്കരുത് എന്ന വിധികള്‍ കൊണ്ട് വന്നത് ആരാണ്? എന്തായാലും ദൈവമാകാന്‍ വഴിയില്ല. എന്നെ ഇങ്ങനെ ആരാധിക്കണം എന്ന് പറയുന്നവന്‍ ദൈവവുമല്ല.!

ബ്രഹ്മചാരി ഭാവത്തിന് കോട്ടം തട്ടുമെന്നു കരുതാന്‍ പതിനെട്ടാം പടിക്ക് മുകളില്‍ ഇരിക്കുന്നത് വെറും മനുഷ്യനായ വിശ്വാമിത്രനല്ലല്ലോ സാക്ഷാല്‍ ഹരിഹര സുതനല്ലേ....?
തത്വമസി - അതു നീ തന്നെയാകുന്നു.... എന്ന് സന്ദേശം നല്‍കുന്ന കലിയുഗ വരദന് എങ്ങനെയാണ് യുവതികള്‍ ആഹിതമാകുന്നത്..


"ഉപാധികളില്ലാത്ത ആരാധനാ സമ്പ്രദായങ്ങള്‍ തന്നെയാണ് ഈശ്വര പൂജയ്ക്കായി വേണ്ടത് എന്ന് കരുതുന്നു."

"ആചാരങ്ങള്‍ ഭക്തനെ ഈശ്വര സന്നിധിയില്‍ നിന്നകറ്റി നിര്‍ത്തുന്നതാവരുത്."


കാലഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്മൃതികളിലും പുരാണങ്ങളിലും വരെ കൂട്ടിചേര്‍ക്കലുകള്‍ വന്നു. പലതരം അനാചാരങ്ങളും ആചാരങ്ങളായി. വന്നു ചേര്‍ന്ന പുഴുക്കുത്തുകളെ പിന്തുണയ്ക്കുന്ന ജനക്കൂട്ടങ്ങളുമുണ്ടായി. പരിഷ്കരിക്കേണ്ടവയെ പരിഷ്കരിച്ചും ഒഴിവാക്കണ്ടവയെ ഒഴിവാക്കിയും മുന്നോട്ടു പോയില്ലെങ്കില്‍ ഈ ധര്‍മ്മത്തിന്‍റെ സവിശേഷതയായ “നിത്യനൂതനത” നഷ്ടപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട.


1. പാലിയം വിളംബരം


ചില "ആചാരങ്ങളെ തന്നെയായിരുന്നു അന്ന്നാം ചവിട്ടി വെളിയില്‍ക്കളഞ്ഞത്""


2. പാഞ്ഞാള്‍ അതിരാത്രം
"ആടിന്‍റെ നവദ്വാരങ്ങള്‍ അടച്ചു അതിനെ കൊന്നു വപമെടുത്ത് യാഗം നടത്തിവന്ന രീതിയെ എതിര്‍ത്തതും അജത്തിനു പകരം കുമ്പളങ്ങ കൊണ്ട് അജരൂപമുണ്ടാക്കുന്ന പുത്തന്‍ വ്യവസ്ഥിതി ഉണ്ടാക്കിയത്.""


3. ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ ഊട്ടുപുരയില്‍ ഹരിജനങ്ങളെ കയറ്റില്ലായിരുന്നു അവരെ അവിടെ പ്രവേശിപ്പിക്കാന്‍ നടത്തിയ പ്രവര്‍ത്തനം.


4. (ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കില്ല )

യേശുദാസിന്‍റെ കാര്യത്തില്‍ ആചാരമല്ല.! ഭക്തിയാണ് വലുത് എന്ന് വിവിധ ഹിന്ദു മത സംഘടനകള്‍ എടുത്ത സമീപനം.."

ഇതൊക്കെ അടുത്ത കാലത്ത് വരെയുണ്ടായ ആന്തരിക നവോത്ഥാന ശ്രമങ്ങളാണ്.അത്തരത്തില്‍ ഒരു പുത്തന്‍ സാമാജിക നവോത്ഥാന സമയമായിരിക്കുന്നു. യുവതി പ്രവേശനം ഇപ്പൊ ആവശ്യപ്പെടുന്നവരുടെ ഉദ്ദേശ്യ ശുദ്ധിയില്‍ സംശയമുണ്ട് എങ്കിലും അത്തരക്കാരെ കൊണ്ട് ചോദിപ്പിക്കുന്ന ഘട്ടം വരെയെത്തിയിരിക്കുന്നു എന്നത് വിശ്വാസി സമൂഹത്തിന്‍റെ പരാജയം തന്നെയാണ്. വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ ആവശ്യപ്പെടുന്നില്ലല്ലോ എന്ന മറുവാദത്തിന് മുസ്ലിം സ്ത്രീകള്‍ക്ക് പര്‍ദ്ദയോട് വരുത്തിത്തീര്‍ക്കുന്ന മാനസ്സിക അടിമത്വം പോലെ മാത്രം എന്നേ പറയാനുള്ളൂ.


NB: ഇത് ഏതെങ്കിലും കപട മതേതറ ആര്‍ത്തവ സമരക്കാരുടെ വാ കീറലല്ല, ഈശ്വരനെന്നാല്‍ കല്‍ക്കെട്ടുകള്‍ക്കുമുയരെയാണ് എന്ന് കരുതുന്ന, അയ്യനേയും അമ്മയേയും ആരാധിക്കുന്ന ഒരു സാധാരണക്കാരന്‍റെ സംശയമാണ്.!

✸✸✸✸✸✸✸✸✸✸✸✸✸✸✸✸✸✸✸✸✸✸✸✸✸✸✸✸✸✸✸✸✸✸


ഇങ്ങനെ തള്ളാനോ കൊള്ളാനോ പറ്റാത്ത ഒരവസ്ഥയില്‍ നില്‍ക്കുകയാണ് ശബരിമലയും യുവതി പ്രവേശനവും.

No comments:

Post a Comment